സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. റാലിയുടെ അവസാനവട്ട ഒരുക്കങ്ങൾ കോഴിക്കോട് പുരോഗമിക്കുകയാണ്.
പലസ്തീൻ വിമോചന സമരനായകൻ യാസർ അറഫാത്തിന്റെ ചരമ വാർഷിക ദിനത്തിലാണ് സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലിന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന റാലി പലസ്തീനുള്ള കേരളത്തിൻറെ ഐക്യദാർഢ്യം ആയി മാറും എന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കും എന്നാണ് സിപിഐഎം പറയുന്നത്. റാലി വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
ഇരുവിഭാഗം സംസ്ഥാന നേതാക്കൾ അടക്കമുള്ള മത സാമുദായിക നേതാക്കളും സിപിഐഎമ്മിന്റെ റാലിയിൽ എത്തും. ഇ.കെ.വിഭാഗം സമസ്തയെ പ്രതിനിധീകരിച്ച് ഉമ്മർ ഫൈസി മുക്കവും എ.പി വിഭാഗം സമസ്തയെ പ്രതിനിധീകരിച്ച് സി.മുഹമ്മദ് ഫൈസിയുമാണ് റാലിയുടെ വേദിയിൽ ഉണ്ടാവുക. കൂടാതെ ടി.പി.അബ്ദുല്ലക്കോയ മദനി, ഡോ.ഹുസൈൻ മടവൂർ, ഡോ.ഫസൽ ഗഫൂർ തുടങ്ങിയവരും ഉണ്ടാകും. കെ.ടി കുഞ്ഞിക്കണ്ണൻ രചിച്ച 'പലസ്തീൻ, രാജ്യം അപഹരിക്കപ്പെട്ട ജനത' എന്ന പുസ്തകം റാലിയിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും. എഴുത്തുകാരായ കെ.അജിത, യു.കെ.കുമാരൻ, കെ.പി.രാമനുണ്ണി, മുസ്‌ലിം വനിതാ നവോത്ഥാന പ്രവർത്തകരായ എഴുത്തുകാരി ബി.എം.സുഹ്റ, ഡോ. ഖദീജ മുംതാസ് തുടങ്ങിയവരും റാലിയുടെ വേദിയിൽ ഉണ്ടാകും. നേരത്തെ സിപിഐഎമ്മിന്റെ ക്ഷണം യുഡിഎഫിന്റെ ഘടകകക്ഷി എന്ന നിലയിലുള്ള സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നിരസിച്ചിരുന്നു. എങ്കിലും സിപിഐഎം റാലിക്ക് മുസ്ലിം ലീഗ് പരസ്യമായ ആശംസകൾ നേർന്നിരുന്നു എന്ന രാഷ്ട്രീയപരമായ പ്രത്യേകതയും ഇതിനുണ്ട്.