മലപ്പുറം കൊണ്ടോട്ടിയില്‍ ശസ്ത്രക്രിയക്കിടെ നാലുവയസുകാരന്‍ മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.മൊറയൂര്‍ അരിമ്പ്ര സ്വദേശി നിസാര്‍ സൗദാബി ദമ്പതികളുടെ ഏക മകന്‍ മുഹമ്മദ് ഷാസലാണ് മരിച്ചത്.
കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഈ മാസം ഒന്നിനാണ് നാല് വയസുകാരന്‍ മുഹമ്മദ് ഷാസല്‍ മരിച്ചത്.തൊണ്ടയില്‍ കമ്പ് തട്ടിയുണ്ടായുണ്ടായ മുറിവിനെ തുടര്‍ന്നാണ് ഷാസിലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
എന്നാല്‍ ഈ മുറിവല്ല മരണകാരണമെന്നും ശസ്ത്രക്രിയക്ക് മുന്‍പ് നല്‍കിയ അനസ്‌തേഷ്യയാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും അനസ്‌തേഷ്യ നല്‍കുന്നതിന് മുന്‍പ് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ഡോക്ടര്‍മാര്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ നേരത്തെ തന്നെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു.കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബം പരാതിയും നല്‍കിയിരുന്നു.കുട്ടിയുടെ മരണം വൈകിയാണ് അറിയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
അതേസമയം ആശുപത്രിക്കെതിരെ ഗുരുതര വീഴ്ചകളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കുയാണ് പൊലീസ്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണചുമതല.