കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പരുത്തിച്ചാല്‍ സ്വദേശി എംവി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയമുള്ളതായി പൊലീസ് സൂചിപ്പിച്ചു.
പരുത്തിച്ചാലില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും രാത്രി വലിയ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ആരും പോയിരുന്നില്ല. രാവിലെ അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് വീട്ടുകാരില്‍ നിന്നും മാറി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ബാലകൃഷ്ണന്‍. മരുമകനും ഇയാളും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്. മരിച്ച വീട്ടില്‍ നിന്നും മരുമകന്റെ ആധാര്‍ കാര്‍ഡ് പൊലീസിന് ലഭിച്ചു.
ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരുമകനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.