വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരായ യുവതി യുവാക്കൾ തങ്ങളുടെ പങ്കാളിമാരെ കണ്ടെത്തി ഇന്ത്യയിൽ വന്ന് വിവാഹം നടത്തുന്നത് പുതുമയല്ല. എന്നാൽ ഇതിപ്പോൾ കേരളക്കരയിലേക്ക് മരുമകളായി എത്തുകയാണ് ഒരു മൊറോക്കോക്കാരി. കൊല്ലം പരവൂർ കൂനയിൽ സ്വദേശി അഫ്സൽ മുബാറകിന്റെ വധുവായാണ് മൊറോക്കൻ യുവതി ഷൈമ റാഷിദിയ സംസ്ഥാനത്തേക്കെത്തുന്നത്. ഇരുവരുടെയും നിക്കാഹ് കഴിഞ്ഞ 5ന് മൊറോക്കോയിൽ നടന്നു. ശേഷം ഇരുവരും നാട്ടിലെത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇന്നലെ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.
സ്ലോവാക്യയിൽ മെക്കാനിക്കൽ എൻജിനീയറാണ് പരവൂർ കൂനയിൽ കിഴക്കേപുലിക്കുളം താഴ്‌വര വീട്ടിൽ അഫ്സൽ മുബാറക്. പിതാവ് ഇമാമുദ്ദീൻ മുബാറക് കുവൈത്തിൽ പെയിന്റിങ് സൂപ്പർവൈസറായിരുന്നു. മാതാവ് കോസ്മറ്റോളജിസ്റ്റും. ഇവരുടെ കുവൈത്തിലെ താമസ സ്ഥലത്തിന് അടുത്തായി താമസിച്ചിരുന്നവരായിരാണ് ഷൈമയുടെ കുടുംബം. മൊറോക്കോയിലായിരുന്ന ഷൈമയും അഫ്സലിന്റെ മാതാപിതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളായിരുന്നു. ആ ബന്ധത്തിലൂടെയാണ് ഇൻസ്റ്റഗ്രാം വഴി അഫ്സലും ഷൈമയും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു.
തുടർന്നു സ്ലോവാക്യയിൽ നിന്നു മൊറോക്കോയിലെത്തി അഫ്സൽ ഷൈമയേയും കുടുംബത്തെയും കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. മാതാപിതാക്കളും ഒരു സഹോദരനും സഹോദരിയും ഉൾപ്പെടുന്നതാണ് ഷൈമയുടെ കുടുംബം. ശേഷം നാട്ടിൽ നിന്നു വിവാഹത്തിനുള്ള രേഖകളും സർട്ടിഫിക്കറ്റുകളുമെല്ലാം തയാറാക്കി അഫ്സൽ വീണ്ടും മൊറോക്കോയിലെത്തി ഷൈമയെ വിവാഹം കഴിക്കുകയായിരുന്നു.
തുടർന്നു ഈ കഴിഞ്ഞ 19ന് ഇരുവരും കേരളത്തിലെത്തി. ഇനി കേരളത്തിൽ തന്നെ തുടരാനാണ് ഫാഷൻ ഡിസൈനിങ് പഠിച്ച ഷൈമയുടെ താൽപര്യം. അഫ്സൽ ഏറെ വൈകാതെ സ്ലോവാക്യയിലേക്ക് മടങ്ങും.