നെയ്യാറ്റിൻകര: പൊഴിയൂരിൽ ആൺ സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ 20 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. പൊഴിയൂർ പരുത്തിയൂർ, പുതുവൽ വീട്ടിൽ ഐബിൻസ് (34), കന്യാകുമാരി നിദ്രവിള കെ.ആർ പുരത്ത് ശരത്പ്രിയൻ (19) എന്നിവരെയാണ് പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ പൊഴിയൂർ സ്വദേശി സാജൻ ഒളിവിലാണ്.
യുവതിയോടൊപ്പം ബീച്ചിലുണ്ടായിരുന്ന ആൺ സുഹൃത്തിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് മൂന്നു പേർ ചേർന്ന് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്നു നാലു മാസങ്ങൾക്കു ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊഴിയൂർ സി.ഐ സതികുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ജൂലൈ മാസത്തിലാണ് ആണ് തന്‍റെ ആൺ സുഹൃത്തിനോടൊപ്പം യുവതി പൊഴിയൂർ ബീച്ചിൽ എത്തിയത്. ബീച്ചിലിരിക്കുന്നതിനിടെ അടുത്തെത്തിയ പ്രതികൾ യുവതിയുടെ മുന്നിൽവച്ച് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി. തുടർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികളിൽ ഒരാളായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
തുടർന്ന് പ്രതികൾ ഈ മൊബൈൽ ദൃശ്യം കാണിച്ചു യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതിപ്പെട്ടാൽ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. ഒടുവിൽ ഭീഷണി തുടർന്നതോടെ യുവതി പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.