Share this Article
ദുർമന്ത്രവാദത്തിന്റെ പേരിൽ പീഡനം; പരാതിയുമായി സീരിയൽ നടി
വെബ് ടീം
posted on 26-11-2023
1 min read
serial actress complaint

തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നതായി നടി ദിവ്യ. നിരവധി സിനിമകളിലും മിനി സ്‌ക്രീന്‍ റിയാലിറ്റി ഷോയിലും ഭാഗമായ ദിവ്യ ജെ ജെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.വെള്ളായണി സ്വദേശിയായ ഭർത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ആരോപണം.  

ദുര്‍മന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.

ഭര്‍ത്താവിന്റെ ദോഷം മാറാന്‍ എന്ന പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സ്ത്രീധനം നല്‍കാത്തതിനാല്‍ അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് ദിവ്യയുടെ ആരോപണം. വെള്ളായണി സ്വദേശിയായ ഭര്‍ത്താവ് അരുണിനും കുടുംബത്തിനും എതിരെയാണ് നേമം സ്വദേശിനിയായ ദിവ്യയുടെ ആരോപണം.

ദിവ്യയുടെ വാക്കുകൾ:

'വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായി. ഈ ആറ് വര്‍ഷത്തിനിടയില്‍ എല്ലാ ദിവസവും ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും നാളിന്റെ ദോഷവും ജാതക ദോഷവും പറഞ്ഞിട്ട് ദിവസവും പ്രശ്‌നങ്ങളാണ്. ആ പ്രശ്‌നങ്ങളുണ്ടായിട്ട് ഒരു വിധത്തിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വഴിമുട്ടി നില്‍ക്കുകയാണ് ഞാനും എന്റെ മോളും. ഞങ്ങളെ ഇതിലേക്ക് നിര്‍ബന്ധിക്കുകയും അതിലേക്ക് വഴങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്നു.

പിന്നെ പൂജ ചെയ്ത ഭക്ഷണങ്ങള്‍ എന്ന് പറഞ്ഞ് ഓരോന്ന് കഴിക്കാന്‍ തരും. മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാന്‍ തുടങ്ങി. ഓരോ ജപിച്ച സാധനങ്ങള്‍ അവളുടെ ദേഹത്ത് കെട്ടാനും തുടങ്ങി. അവളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ട് വീട്ടില്‍ സേഫ് അല്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഭര്‍ത്താവില്‍ നിന്ന് കുറച്ച് മാറി നിന്നു. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനും മോളും ആയിട്ടുള്ള ബന്ധം പിരിക്കണം എന്നുള്ള ഒറ്റ ആഗ്രഹത്തോട് കൂടി ഭര്‍ത്താവിനെ കൊണ്ട് പലതും ചെയ്യിപ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണ്', ദിവ്യ പറയുന്നു.

അരുണിന്റെ അച്ഛന്‍ ജ്യോത്സനാണ്. ഇയാള്‍ നിരന്തരം അന്ധവിശ്വാസത്തിന്റെ പേരില്‍, ദോഷം മാറാന്‍ എന്ന പേരില്‍ ദുര്‍മന്ത്രവാദത്തിന് ഇരയാക്കുന്നു എന്നാണ് ആരോപണം. വിശ്വാസങ്ങള്‍ക്ക് അപ്പുറത്തേക്കുള്ളവ അടിച്ചേല്‍പ്പിക്കുന്നു എന്നും പൂജകളും മറ്റും ചെയ്യിക്കുന്നു എന്നുമാണ് ദിവ്യ പറയുന്നത്. വഴങ്ങിയില്ലെങ്കില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നു എന്ന പരാതിയും ഇവര്‍ക്കുണ്ട്.

ആറ് വര്‍ഷം മുന്‍പ് ജാതകദോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നോക്കാതെയാണ് വിവാഹം കഴിച്ചത്. കുട്ടി ആയതിന് ശേഷം ജാതകദോഷത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കുന്നു എന്നാണ് ദിവ്യ പറയുന്നത്. ഭാര്യയും മകളും കൂടെ താമസിച്ചാല്‍ ഇയാള്‍ക്ക് ദോഷമാണ് എന്നാണ് ഭര്‍ത്താവ് വിശ്വസിച്ച് വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിവാഹ മോചനവും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

വിവാഹസമയത്ത് സ്ത്രീധനമൊന്നും നല്‍കിയിരുന്നില്ല. സ്ത്രീധനം നല്‍കാത്തതിനാല്‍ അന്ധവിശ്വാസത്തെ മറയാക്കുകയാണ് ഭര്‍ത്താവും വീട്ടുകാരും എന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ദിവ്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories