തൃശ്ശൂര്‍: പുല്ലുകൾക്കിടയിൽ മദ്യക്കുപ്പികൾ സൂക്ഷിച്ചുവച്ച് അനധികൃത മദ്യ വില്പന നടത്തിയ സംഭവത്തിൽ യുവാവ് പിടിയില്‍. തൃശ്ശൂര്‍ പെങ്ങാമുക്ക് സ്വദേശി 47 വയസ്സുള്ള സുരേഷ് ആണ് എക്സെെസിന്‍റെ പിടിയിലായത്. കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ടി എ സജീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രിവന്റ്റ്റീവ് ഓഫീസർ ശിവശങ്കരന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. അനധികൃത വിൽപ്പനയ്ക്കായി പുല്ലുകൾക്കിടയിൽ സൂക്ഷിച്ച ഏഴ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. സ്ഥിരം ഇടപാടുകാർക്ക് ഗൂഗിൾ പേ വഴി രഹസ്യ കോഡ് കൈമാറി പണം അയച്ചാൽ പ്രതി സ്കൂട്ടറിൽ ഇടപാടുകാർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചു നൽകും. ഓരോ ദിവസവും മദ്യം സൂക്ഷിച്ചു വെക്കുന്നതിനായി ആളൊഴിഞ്ഞ പുല്ല് നിറഞ്ഞ സ്ഥലങ്ങളാണ് പ്രതി തിരഞ്ഞെടുക്കുന്നതെന്നും ദിവസവും 80 ലിറ്റർ മദ്യം വരെ വില്പന നടത്താറുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റി ഓഫീസർ സുനിൽദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലത്തീഫ്, നിതീഷ്,ഗണേശൻ പിള്ള, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.