കൊച്ചി: തൃപ്പുണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത് നിലവിൽ വേളാങ്കണ്ണിയിലെന്ന് പൊലീസ്. എരൂരിൽ ഏഴുപത് പിന്നിട്ട ഷൺമുഖനാണ് ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി ഒരുദിവസം നരകിച്ച് കഴിഞ്ഞത്. വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും. തത്കാലത്തേക്ക് കൊച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് സഹോദരന്റെ കോതമംഗലത്തെ വീട്ടിലേക്ക് മാറ്റാൻ തീരുമാനമെന്നും പൊലീസ് അറിയിച്ചു.
അപകടത്തിൽപെട്ട് കിടപ്പിലായതിനെ തുടർന്ന് വൈറ്റില സ്വദേശി ഷൺമുഖൻ മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം ഈ വാടകവീട്ടിലുണ്ട്. മാസങ്ങളായി വാടക കുടിശ്ശികയാണ്.വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു.എന്നാൽ ഇന്നലെ രാത്രി അയൽക്കാർ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസഅഥൻ അറിയുന്നത്. കൗൺസിലറുടെ പരാതിയിൽ മകൻ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേ സമയം സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. സംഭവത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം (എം.ഡബ്യു.പി.എസ്.സി. ആക്ട് 2007) മകനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഇതുകൂടാതെ, സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസറോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം മനസ്സിനെ ഞെട്ടിക്കുന്നതാണെന്നും വയോധികന്റെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.