തൃശ്ശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ വെങ്കലപ്രതിമ തൃശ്ശൂർ ശക്തൻ സ്ക്വയറിൽ പുനഃസ്ഥാപിച്ചു.ശില്പി കുന്നുവിള മുരളിയുടെ നേതൃത്വത്തിലാണ് ശില്പം പുനസ്ഥാപിച്ചത്.അവസാനവട്ട മിനുക്ക് പണികൾക്കും, അലങ്കാര പണികൾക്കും ശേഷം അനാശ്ചാദനം നടക്കും.തിരുവനന്തപുരത്തെ അറ്റകുറ്റപ്പണികൾക്കും മിനുക്ക് പണികൾക്കും ശേഷം പ്രതിമ കഴിഞ്ഞദിവസം രാത്രി വൈകിയാണ് തൃശ്ശൂരിൽ എത്തിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശക്തൻ സ്ക്വയറിലെ മണ്ഡപത്തിൽ നവീകരിച്ച പ്രതിമ പുനസ്ഥാപിച്ചത്. ശില്പി കുന്നുവിള മുരളിയുടെയും ശിഷ്യന്മാരുടെയും നേതൃത്വത്തിലാണ് ശില്പം പുനസ്ഥാപിച്ചത്. ലോറിയിൽ നിന്നും ക്രെയിന്റെ സഹായത്തോടെയാണ് പ്രതിമ മണ്ഡപത്തിന് മുകളിൽ എത്തിച്ചത്. അവസാന മിനുക്ക് പണികൾക്കും മണ്ഡപത്തിന്റെ അലങ്കാരപ്പണികൾക്കും ശേഷം ചുരുങ്ങിയ ദിവസങ്ങൾക്കകം പ്രതിമയുടെ അനാശ്ചാദനം നടക്കും.
നവീകരിച്ച പ്രതിമയ്ക്ക് പത്തടി ഉയരവും 5 ടണ്ണോളം ഭാരവും ഉണ്ട്. കച്ചമുറുക്കി ഉടവാളുമായി നിൽക്കുന്ന ശക്തൻ തമ്പുരാന്റെ പ്രതിമയുടെ പ്രൗഡി ഒട്ടും ചേരാതെയായിരുന്നു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.19.5 ലക്ഷം രൂപ ചെലവാക്കിയാണ് പ്രതിമയുടെ കേടുപാടുകൾ തീർത്തത് .
ഇക്കഴിഞ്ഞ ജൂണിലാണ് കെഎസ്ആർടിസി ബസ് ഇടിച്ച് പ്രതിമ തകർന്നത്. അപകടത്തിൽ പ്രതിമയുടെ അരയ്ക്കു താഴെയുള്ള ഭാഗം പൂർണമായും തകർന്നിരുന്നു. തുടർന്ന് തിരുവനന്തപുരം പാപ്പനംകോട് എത്തിച്ചാണ് ശില്പി കുന്നവിള മുരളി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.