ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്ത് അടിമാലി ബസ്റ്റാൻഡിലെ കുഴികൾ നന്നാക്കാത്തതിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. കുഴികളിൽ വാഴനട്ടും ചൂണ്ട ഇട്ടുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അടിമാലി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കുണ്ടും കുഴിയും വർദ്ധിച്ചതോടെ ബസ്സടക്കമുള്ള വാഹന യാത്രയും കാൽനടയാത്രയും ദുസ്സമായി മാറിയ സാഹചര്യമാണുള്ളത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ബന്ധപ്പെട്ട അധികൃതരെ അടക്കം വിവരമറിയിച്ചിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് വേറിട്ട പ്രതിഷേധവുമായി ബസ് തൊഴിലാളികൾ രംഗത്തെത്തിയത്. ബസ്റ്റാൻഡിൽ രൂപപ്പെട്ട കുഴികളിൽ വാഴനട്ടും, ചെളിവെള്ളത്തിൽ നിന്നും ചൂണ്ടിയിട്ടുമാണ് ബസ് തൊഴിലാളികൾ പ്രതിഷേധം അറിയിച്ചത്.
ബസ്റ്റാൻഡ് തകർന്നിട്ട് മാസങ്ങളായി. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും തൊഴിലാളികളും പരാതി നൽകിയിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇത് അവഗണിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറയുന്നു.
ബന്ധപ്പെട്ട അധികൃതർ ഉടൻ പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും ബസ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. തൊഴിലാളി പ്രതിനിധികളായ ഷിജോ ജോസഫ്, ടിനീഷ് ഇ എ, എജിൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.