കൽപറ്റ: വയനാട് ജില്ല കളക്ടറുടെ ഔദ്യോഗിക ഓഫിസിലെ കസേരക്ക് പിറകിലായി ആനക്കൊമ്പ് പ്രദർശിപ്പിക്കുന്നതിനെതിരെ പരാതി.ഇതുസംബന്ധിച്ച് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് ഉൾപ്പെടെ ഉന്നത വനം വകുപ്പ് അധികൃതർക്ക് വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് പരാതി നൽകിയത്. വിഷയം പരിശോധിച്ച് വേണ്ട നടപടി എടുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി അബ്ദുറഹ്മാൻ പറഞ്ഞു.നിലവിലെ നിയമങ്ങൾ പ്രകാരം ആനക്കൊമ്പുകൾ സൂക്ഷിക്കുന്നത് ട്രഷറിയിലെ സ്ട്രോങ് റൂമിലാണ്. അവിടേക്കു മാറ്റാതെ ജില്ല കളക്ടറുടെ ഓഫിസിൽ ഇത് പ്രദർശനത്തിന് വെക്കുന്നതെന്തിനാണെന്നാണ് പരാതിക്കാരന്റെ ചോദ്യം.
എന്ത് സന്ദേശമാണ് കളക്ടർ ജനങ്ങൾക്ക് ഇക്കാര്യത്തിൽ നൽകുന്നത്? മുമ്പ് കടന്നു പോയവർ ആനകളോട് ചെയ്ത ക്രൂരത ഓർത്ത് പുതുതലമുറ പുളകിതരാകാനാണോ ഇതെന്നും ഇദ്ദേഹം ചോദിക്കുന്നു. നിയമത്തിന് മുൻപിൽ എല്ലാവരും സമന്മാർ ആണെന്ന ജനാധിപത്യ ബോധം ഉറപ്പിക്കാൻ കൂടിയാണ് താൻ പരാതി നൽകിയതെന്നാണ് പരാതിക്കാരൻ പറയുന്നത് .
വയനാട് കലക്ടറേറ്റിൽ ജില്ല കലക്ടറുടെ ചേംബറിൽ ഒരുപാടുകാലമായി ഈ ‘ആനക്കൊമ്പുകൾ’ ഉണ്ട്. പലപ്പോഴും ഇതുസംബന്ധിച്ച ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഇത് ഒറിജിനൽ ആനക്കൊമ്പാണോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നത് പതിവാണ്. ഈ കൊമ്പുകളുടെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്ത് ജില്ല കലക്ടർ രേണുരാജ് ഐ.എ.എസ് ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അബ്ദുറഹിമാൻ പരാതി നൽകിയത്.