ആലപ്പുഴ ചെങ്ങന്നൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും 50 പവനും 20,000 രൂപയും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കൊല്ലം തേവള്ളി സ്വദേശി മാത്തുകുട്ടിയെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്.
തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട് ജംഗ്ഷന് സമീപം ഡോ.സിഞ്ചുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് മോഷണം പോയത്.
ജോലിക്കായി പുറത്തു പോയിരുന്ന ദമ്പതികള്‍ വൈകിട്ട് 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മോഷണം നടന്ന വീട്ടില്‍ പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെപ്പറ്റിയുള്ള സൂചനകള്‍ ലഭ്യമായിരുന്നില്ല. സമാന രീതിയില്‍ മോഷണം നടത്തി പിടിക്കപ്പെട്ട മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനോടുവിലാണ് നിരവധി കേസുകളില്‍ പ്രതിയായ മാത്തുക്കുട്ടിയെ തിരിച്ചറിയുന്നത്.
പൊലീസ് അന്വേഷണം മനസ്സിലാക്കിയ പ്രതി കോട്ടയത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുവെയാണ് പ്രതിയെ കൊല്ലക്കടവ് വെച്ച് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.