ഇടുക്കി മൂന്നാര്‍ പോതമേട്ടില്‍ നിന്നും മുറിച്ച രണ്ട് ആനക്കൊമ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ തുടരന്വേഷണവുമായി വനംവകുപ്പ്.സംഭവത്തില്‍ ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് ആനകൊമ്പ് ലഭ്യമായതെവിടെ നിന്ന് എന്നകാര്യത്തിലടക്കം വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.
മൂന്നാര്‍ പോതമേട് സ്വദേശികളായ രണ്ട് പേരെയായിരുന്നു ഇന്നലെ വനംവകുപ്പുദ്യോഗസ്ഥര്‍ ആനകൊമ്പ് കേസില്‍ പിടികൂടിയത്.പ്രതികളില്‍ ഒരാളുടെ പോതമേട്ടിലെ വീട്ടില്‍ നിന്നുമായിരുന്നു മുറിച്ച രണ്ട് ആനകൊമ്പുകള്‍ കണ്ടെടുത്തത്.
സംഭവത്തില്‍ വനംവകുപ്പ് തുടരന്വേഷണം ആരംഭിച്ചു.കേസില്‍ മറ്റാരെങ്കിലുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.പ്രതികള്‍ക്ക് ആനകൊമ്പ് ലഭ്യമായതെവിടെ നിന്ന് എന്നകാര്യത്തിലടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആനകൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസിന് കീഴില്‍ വരുന്ന പള്ളിവാസല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണ് പ്രതികളെ കുടുക്കിയത്.
സംശയാസ്പദമായി കണ്ട പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയായിരുന്നു ആനകൊമ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വനംവകുപ്പിന് ലഭിച്ചത്.പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.