ശരണം വിളികളാൽ മുഖരിതമായ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമല അയ്യപ്പന് തങ്ക അങ്കി ചാർത്തി.തങ്കഅങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാനായി വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.
തങ്കയങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ നടപ്പന്തലില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഭക്തിസാന്ദ്രമായിരുന്നു ശബരിമല. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ എത്തിച്ചതിന് ശേഷം പടി കയറ്റി കൊടിമര ചുവട്ടിലേക്ക്.
പതിനെട്ടാം പടിയില്‍ തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി അരുൺ കുമാർ നമ്പൂതിരിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി.തുടർന്ന് ദീപാരാധനയ്ക്കായി ശ്രീകോവിൽ തുറന്നതോടെ ഭക്തരുടെ ശരണം വിളികൾ ഉച്ഛസ്ഥായിയിലായി.
41 ദിവസത്തെ കഠിനവൃതകാലത്തിനു പരിസമാപ്തി കുറിച്ചാണ് ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നത്.തങ്ക അങ്കി ചാർത്തി വിദൂഷിതനായ അയ്യൻ്റെ തിരു മുന്നിൽ ഭക്തർ നെഞ്ചുരികി പ്രാർത്ഥിച്ച് ആത്മസംതൃപ്തിയോടെയാണ് മലയിറങ്ങുന്നത്.
തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ച തങ്കയങ്കി പൂജയാണ് രണ്ട് ദിവസങ്ങളിലെ പ്രത്യേകത. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്ക അങ്കി സന്നിധാനത്ത് എത്തിക്കുകയുള്ളൂ. മണ്ഡല പൂജയ്ക്ക് തലേ ദിവസം വൈകിട്ട് ദീപാരാധനയ്ക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തൂ.