കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്നും പിടികൂടിയ രാജവെമ്പാലയെ കൊണ്ടുപോയത് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ. കഴിഞ്ഞ ദിവസമാണ് ഓവുചാലില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയത്.
കൊട്ടിയൂര്‍ പന്നിയാംമല വഴികുടിയില്‍ ബിനീഷിന്റെ വീടിന് മുന്‍വശത്തെ ഓവുചാലിനുള്ളില്‍ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. ഓവുചാലിനുള്ളില്‍ കുടുങ്ങിയ രാജവെമ്പാലയെ സ്ലാബ് ഉയര്‍ത്തിയശേഷമായിരുന്നു വനപാലകര്‍ പിടികൂടിയത്.
പാമ്പ് പിടുത്ത വിദഗ്ധന്മാരായ തോമസ്, വരുണ്‍, വനംവകുപ്പ് വാച്ചര്‍ ബിനോയ് എന്നിവരാണ് ഏറെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടിയത്. എന്നാല്‍ പിടികൂടിയ പാമ്പിനെ കൊണ്ടു പോയത് യാതൊരു സുരക്ഷിതവും ഇല്ലാതെയാണ്. ഇരുചക്ര വാഹനത്തില്‍ തൂക്കി പിടിച്ചായിരുന്നു പാമ്പിനെ കൊണ്ടു പോയത്.
പിടികൂടുന്ന പാമ്പുകളെ വളരെയധികം ശ്രദ്ധയോടെ കൊണ്ടുപോകേണ്ടതിനു പകരം ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടു പോകുന്നത് യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ്.
ഇത്തരം കാര്യങ്ങള്‍ക്ക് വനംവകുപ്പിന്റെ വാഹനം തന്നെ വേണമെന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കാറില്ല. അതു കൊണ്ട് വളരെ സാഹസികമായാണ് വാച്ചര്‍മാര്‍ പിടികൂടിയ പാമ്പുകളെ വനത്തില്‍ കൊണ്ടു പോയി വിടുന്നത്.