കട്ടപ്പന നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. സ്കൂൾ പരിസരം അടക്കം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ തെരുവ്നായ ശല്യം രൂക്ഷമാവുകയാണ്.മുൻപ് തെരുവ് നായ ശല്യം പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും പ്രഹസനം മാത്രമാണ്.
കട്ടപ്പന നഗരത്തിന്റെ ഓരോ കോണും തെരുവ് നായ്ക്കൾ താവളമാക്കുകയാണ് . സ്കൂൾ പരിസരങ്ങളിൽ അടക്കം ഭീതി പരത്തിയാണ് നായ്കൾ വിഹരിക്കുന്നത്. പലപ്പോഴും പ്രധാന റോഡുകളിൽ എല്ലാം അലഞ്ഞുതിരിയുന്ന ഇവ ഇരുചക്ര വാഹന യാത്രക്കാർക്ക് അടക്കം അപകടമുണ്ടാക്കുന്നതും പതിവാവുകയാണ്.
യാത്രക്കാർ നടന്നു പോകുമ്പോൾ ആക്രമിക്കാൻ വരുന്നതും പതിവ് കാഴ്ചയാണ്. റോഡിന് നടുവിൽ നായ്ക്കൾ തമ്മിലുള്ള അക്രമണങ്ങൾ പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കട്ടപ്പനയിലെ പ്രധാന ടൗൺ ഇടങ്ങളും, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇടുക്കി കവല, വെള്ളയാംകുടി , പള്ളിക്കവല, ഐ ടി ഐ ജംഗ്ഷൻ , സ്കൂൾ കവല എന്നിവിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാവുകയാണ് .യാത്രക്കാർക്ക് പുറമെ വർഷോപ്പ് അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും, മറ്റ് വ്യാപസ്ഥാപനങ്ങളിലുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് ആളുകൾ പറയുന്നു.
വൈകുന്നേരം ആകുന്നതോടെ ടൗൺ നിരത്തുകളിൽ നിന്നും ഉൾപ്രദേശങ്ങളിലേക്കാണ് തെരുവ് നായ്ക്കൾ തമ്പടിക്കുന്നത്. ഇത് കൊച്ചുകുട്ടികൾക്കും പ്രായമായവർക്കും ഭീഷണിയാകുന്നു . ആളോഴിഞ്ഞ വഴികളിൽ തെരുവ് നായ്ക്കൾ തമ്പടിക്കുന്നതോടെ ആളുകൾക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കുന്നില്ല. കല്ലോ മറ്റോ എറിയുകയോ ഓടിച്ചു വിടാൻ ശ്രമിക്കുകയോ ചെയ്താൽ കൂട്ടമായി ആക്രമിക്കാൻ എത്തുന്നതാണ് പതിവ്.
കഴിഞ്ഞവർഷം ഇത്തരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായപ്പോൾ സർക്കാർ ഇതിനെതിരെ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ എബിസി സെന്ററിന്റെ അടക്കം പ്രവർത്തനം വാഗ്ദാനങ്ങളിൽ ഒതുങ്ങുക മാത്രമാണ് ചെയ്തത്.
നഗരത്തിൽ രൂക്ഷമാകുന്ന തെരുവ് നായ ശല്യത്തിനെതിരെ നഗരസഭയും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല..ഇതോടെ ഓരോ ദിവസവും ആശങ്കയോടെവേണം കട്ടപ്പന നഗരത്തിൽ ആളുകൾക്ക് യാത്ര ചെയ്യാൻ.