ജാമ്യത്തിലിറങ്ങി വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പ്രതിയെ പട്ടാമ്പി പൊലീസ് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തു.
പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ 2015 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നിരുന്ന എഴുവന്തല ചക്കിങ്ങല്‍ തൊടി വീട്ടില്‍ നൗഷാദിനെയാണ് പട്ടാമ്പി പൊലീസ് ഇന്‍സ്പെക്ടര്‍ പി. കെ പത്മരാജന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘം കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.
നൗഷാദിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ വിവിധ ജില്ലകളിലായി മുപ്പതോളം മോഷണ കേസുകള്‍ നിലവില്‍ ഉണ്ട്. പാലക്കാട് ജില്ലാപൊലീസ് മേധാവി ആര്‍.ആനന്ദ് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം ഇത്തരത്തില്‍ കോടതിയില്‍ ഹാജരാകാതെ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന് ജില്ലയില്‍ പ്രത്യേകം ഓപ്പറേഷന്‍ നടത്തുന്നതിന്റെ ഭാഗമായാണ് പട്ടാമ്പി പൊലീസ് കോടതിയില്‍ നിന്നും ഇത്തരത്തില്‍ ഉള്ള പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ച് അനേഷണം നടത്തിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ കോടതികളില്‍ യഥാസമയം ഹാജരാകാതെ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് ഓപ്പറേഷന്‍ തുടരുമെന്നും പൊലീസ് അറിയിച്ചു.