തൃശൂർ പാലപ്പിള്ളി കാരികുളത്ത് 30 ഓളം കാട്ടാനകള്‍ തമ്പടിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.... വ്യാഴാഴ്ച രാത്രി മുതലാണ് കാട്ടാനക്കൂട്ടം മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്.. പ്രദേശത്തെ തോട്ടങ്ങളിലെ നിരവധി റബ്ബർ തൈകൾ ആണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്..
കന്നാറ്റുപ്പാടം സ്‌കൂളിന് സമീപവും, മുപ്ലിവാലി ഹോസ്പിറ്റലിന് സമീപവുമാണ് ആനയിറങ്ങിയത്. കുണ്ടായി റബ്ബര്‍ എസ്റ്റേറ്റിലെയും, കാരിക്കുളം മുപ്ലി എസ്റ്റേറ്റിലെയും റബ്ബര്‍ തൈകൾ ആനകള്‍ നശിപ്പിച്ചു. എസ്റ്റേറ്റ് ഗാര്‍ഡുകളിരിക്കുന്ന ഷെഡ്, റബ്ബര്‍ പാലരിക്കുന്ന വേയ്‌മെന്റ് ഷെഡ്, ബാര്‍ക്കുകള്‍ എന്നിവയും ആന തകര്‍ത്തു.
നിലവില്‍ സോളാര്‍ ഫെന്‍സിങ് അല്ലാതെ ആനകളെ പ്രതിരോധിക്കാന്‍ മറ്റൊരു മാര്‍ഗവും ഇവിടെയില്ല. എന്നാലതും മറികടന്നുകൊണ്ടാണ് ആനകള്‍ നാട്ടിലേക്കിറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആനക്കൂട്ടം മേഖലയിൽ തമ്പടിച്ചതോടെ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് നാട്ടുക്കാര്‍. ഭക്ഷണം കിട്ടാത്തതിനാലാണ് ആനകള്‍ കാടിറങ്ങുന്നതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആനകള്‍ കാടിറങ്ങാതിരിക്കാനുള്ള സംവിധാനം അധികൃതര്‍ ചെയ്ത് തരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം..