തൃശൂർ: ഗ്യാസ് സിലിണ്ടർ മാറ്റാൻ സഹായത്തിനായി എത്തി വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി കുഞ്ഞിമോയിൻകുട്ടി അറസ്റ്റ് ചെയ്തത്.
ജൂൺ പത്തൊൻപതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഗ്യാസ് സിലിണ്ടർ മാറ്റാൻ സഹായത്തിനായി വിളിച്ചപ്പോൾ യുവാവ് വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.യുവതി ബഹളം വച്ചതിനേത്തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. വീട്ടമ്മയായ യുവതിയുടെ പരാതിയെത്തുടർന്ന് പട്ടികജാതി പീഡന നിയമപ്രകാശം പൊലീസ് കേസെടുത്തു. ഇതോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
പടിഞ്ഞാറേ ചാലക്കുടിയിൽ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ച് താമസിക്കുന്നിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പൊലീസ് സംഘമെത്തി ഇയാളെ പിടികൂടിയത്. വിശദമായ അന്വേഷണത്തിൽ ലഭിച്ച സൂചനകളെത്തുടർന്നാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.