കാസർകോട്: പൊലീസിൽ നൽകിയ പരാതിയ്ക്ക് പ്രതികാരമായി ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ 'ഐസ്ക്രീം' ആസിഡ് അബദ്ധത്തിൽ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കൽ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കൽ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കൽ പൊലീസ് ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റത്. സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോൾ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്താൻ ഉദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീം ആസിഡ് സിദ്ധുനാഥിന്റെ മേൽ വീണത്. മുമ്പ് ഭാര്യയെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇതുസംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയ വിരോധമാണ് ആസിഡാക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.