കണ്ണൂർ: ഗാനമേളയ്ക്കിടെ ആവേശം മൂത്ത് സ്‌റ്റേജിൽ കയറി നൃത്തം ചെയ്ത യുവാവിനെ തടയാൻ ശ്രമിച്ച കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ മോഹനന് മർദനമേറ്റു. ഇന്നലെ രാത്രി നടന്ന കണ്ണൂർ ദസറ പരിപാടിക്കിടെയാണ് മേയർക്ക് മർദനമേറ്റത്. സ്‌റ്റേജിൽ കയറി നൃത്തം ചെയത് ഗാനമേള അലങ്കോലപ്പെടുത്തുന്ന രീതിയിൽ രണ്ട് വട്ടം യുവാവ് പെരുമാറി. തുടർന്ന് മേയർ ഇടപെട്ടപ്പോൾ യുവാവ് അദ്ദേഹത്തെ പിടിച്ചുതള്ളുകയും കയ്യേറ്റത്തിനും ശ്രമമുണ്ടായതായി റിപ്പോർട്ട്. അടുത്തുണ്ടായിരുന്ന ആളെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് അക്രമിയെ പിടിച്ചുകൊണ്ടുപോയെങ്കിലും പെട്ടെന്ന് വിട്ടയച്ചു. ഇതോടെ ഇയാൾ വീണ്ടും പരിപാടിയുടെ സ്ഥലത്തെത്തി, വേദിയിൽ കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസിനെതിരെ മേയർ രംഗത്ത് വന്നു. പരിപാടി കഴിയുന്നത് വരെയെങ്കിലും യുവാവിനെ പിടിച്ചുവെക്കണമായിരുന്നുവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂർ ദസറ പരിപാടി ഭംഗിയായി നടത്തേണ്ടതിനാൽ പരാതി നൽകുന്നില്ലെന്ന നിലപാടിലാണ് മേയർ. പരിപാടിയ്ക്കിടെ അതിക്രമം നടത്തിയ യുവാവ് ലഹരി ഉപയോഗിച്ചതായും ആരോപണമുണ്ട്.