കണ്ണൂർ സർവ്വകലാശാല ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം ചോർന്നുവെന്ന കെഎസ്‌യു ആരോപണം ശരിവെച്ച് വൈസ് ചാൻസലർ. സർവകലാശാല ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് ഒരു കോളേജ് പ്രിൻസിപ്പലാണ് ഫലം പുറത്തുവിട്ടതെന്നാണ് പ്രാഥമിക നിഗമനമെന്നും ഇദ്ദേഹത്തോട് വിശദീകരണം തേടുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. ഒന്നാം സെമസ്റ്റർ ഫലം ഇന്ന് വൈകിട്ട് 5.45 ന് ശേഷം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്നാൽ അതിന് മുൻപ് കോളേജുകളുടെ പോർട്ടലുകളിൽ അപ്‌ലോഡ് ചെയ്യാനായി റിസൾട്ട് നൽകിയിരുന്നു. ഇതിനിടയിലാണ് ഫലം ചോർന്നതെന്നും വിസി പറഞ്ഞു.
പരീക്ഷ ഫലം ചോർന്നുവെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചത്. പരീക്ഷാ ഫലം വാട്സ്ആപ്പ് ഗ്രൂപുകളിൽ പ്രചരിക്കുന്നുവെന്നായിരുന്നു ആരോപണം. ഈ മാസം പന്ത്രണ്ടാം തീയതിയാണ് പരീക്ഷ പൂർത്തിയായത്.