തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ അക്കാദമിയിലെ ഓഫീസർ കമാൻഡന്റ് പ്രേമൻ കടന്നപ്പള്ളി ഒളിവിൽ..വിയ്യൂർ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് ഒളിവിൽ പോയത്.
മൊബൈൽ ഫോൺ അടക്കം സ്വിച്ച് ഓഫ് ചെയ്താണ് പ്രേമൻ കടന്നപ്പള്ളി ഒളിവിൽ പോയിട്ടുള്ളത്..മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം എന്നാണ് സൂചന.ഇയാളെ സസ്പെൻഡ് ചെയ്തുകൊണ്ട് അക്കാദമി ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ഈ മാസം 17, 22 തീയതികളിൽ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് ഓഫീസർ കമാൻഡന്റ് പ്രേമൻ കടന്നപ്പള്ളിക്കെതിരെയുള്ള വനിതാ ഉദ്യോഗസ്ഥയുടെ പരാതി.എതിർത്തിട്ടും അതിക്രമം ആവർത്തിച്ചു എന്നും ഓഫീസ് സമയത്തിന് ശേഷം വിളിച്ചുവരുത്തിയായിരുന്നു അതിക്രമം എന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് വീയൂർ പോലീസ് കേസെടുത്തത്. ആഭ്യന്തര അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാളെ കഴിഞ്ഞ ദിവസം അക്കാദമി ഡയരക്ടർ ADGP പി വിജയൻ സസ്പെൻഡ് ചെയ്തിരുന്നു.
ഓഫീസ് കമാൻഡന്റിന്റെ നടപടി സേനയ്ക്ക് കളങ്കം സൃഷ്ടിക്കുതാണെന്നും, ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആഭ്യന്തര കമ്മിറ്റി അന്വേഷണം നടക്കുമ്പോൾ തന്നെ പ്രേമനെ ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു.
സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തുടർ അന്വേഷണം നടത്താനും അക്കാദമി ഡയറക്ടറുടെ ഉത്തരവിലുണ്ട്. അതേസമയം പ്രേമൻ കടന്നപ്പള്ളിക്കായി വിയൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവം നടന്നു എന്നു പറയുന്ന ഓഫീസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിയ്യൂർ പോലീസ് പരിശോധിച്ചു വരികയാണ്.