തൃശൂർ കുന്ദംകുളത്ത് മോഷണത്തിനിടെ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കുന്ദംകുളം അര്‍ത്താറ്റ് സ്വദേശി സിന്ധുവാണ് മരിച്ചത്. കൊലപാതകം നടത്തിയ മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ ചേർന്ന് പിടികൂടുക ആയിരുന്നു.. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരി ഭർത്താവാണ് പിടിയിലായ കണ്ണൻ.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്. വെട്ടേറ്റ് കഴുത്ത് അറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സിന്ധുവിന്റെ ആഭരണങ്ങളും നഷ്ടപ്പെട്ട നിലയിലായിരുന്നു. മാസ്കും കറുത്ത ടീഷർട്ടും ധരിച്ചെത്തിയ പ്രതിയെ നാട്ടുകാരിൽ ചിലർ കണ്ടതും തിരിച്ചറിഞ്ഞതുമാണ് മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത്. ഇയാളിൽനിന്ന് കൊല്ലപ്പെട്ട സിന്ധുവിന്റെ സ്വർണാഭരണങ്ങളും കണ്ടെടുത്തു.
വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിപ്പിപ്പിക്കുന്ന മില്‍ നടത്തുകയാണ് കൊല്ലപ്പെട്ട സിന്ധുവും ഭര്‍ത്താവ് മണികണ്ഠനും. മണികണ്ഠൻ വീട്ടു സാധനങ്ങള്‍ വാങ്ങാൻ കടയിൽ പോയ സമയം നോക്കിയാണ് പ്രതി ഇവരുടെ വീട്ടിലെത്തിയതും കൊല നടത്തി മടങ്ങിയതും. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുന്നതിനായി കുന്നംകുളം സ്റ്റേഷനിലേക്ക് ഇന്നലെ രാതി തന്നെ മാറ്റി. സാമ്പത്തികമാണ് കൊലയ്ക്ക് പിന്നിലെ ലക്ഷ്യം എന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിന് മനസ്സിലായിട്ടുള്ളത്. അതേസമയം കൊലപാതകത്തിന് പിന്നിൽ മറ്റു കാരണങ്ങൾ കൂടിയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.