തൃശ്ശൂര്‍ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ 'മുറ്റത്തെ മുല്ല' വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. എ.സി.പി.ക്ക് പരാതി നല്‍കി 20 ദിവസം പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം ഇല്ലാത്ത സാഹചര്യത്തില്‍ അഭിഭാഷക വി.ആര്‍. ഭവ്യയാണ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്...
ചൊവ്വന്നൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ 'ഉദയം' കുടുംബശ്രീക്ക് കീഴിലുള്ള അംഗങ്ങള്‍ക്ക് വായ്പയായി നല്‍കുന്നതിന് കാണിപ്പയ്യൂര്‍ സഹകരണ ബാങ്കില്‍നിന്ന് എടുത്ത പണം തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കുടുംബശ്രീ പ്രസിഡന്റ് ഷിബു, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പണം വായ്പയെടുത്തിരുന്നത്. പണം കൃത്യമായി കുടുംബശ്രീയില്‍ തിരിച്ചടച്ചവരുടെ പേരിലും ബാങ്കിന്റെ നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ആറുമാസത്തോളമായി തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതര്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.
ഒക്ടോബര്‍ 26-നാണ് വഞ്ചനയ്ക്ക് ഇരയായവര്‍ എ.സി.പി.ക്ക് പരാതി നല്‍കിയത്.25,000 രൂപ വീതം 40 പേര്‍ക്ക് നല്‍കിയവരുടെ വിവരങ്ങളും രേഖകളും കുടുംബശ്രീ ഭാരവാഹികള്‍ പോലീസില്‍ ഹാജരാക്കിയിരുന്നില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്.തട്ടിപ്പിനിരയായ കുടുംബശ്രീ അംഗങ്ങള്‍ക്ക് കാണിപ്പയ്യൂര്‍ സര്‍വീസ് സഹകരണസംഘത്തില്‍നിന്ന് രേഖകള്‍ നല്‍കുന്നില്ലെന്നും ബാങ്ക് അധികൃതരും തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.