കുഞ്ഞുന്നാളിലേ അരങ്ങിനെ അടുത്തറിഞ്ഞ നാടക കലാകാരി ഇപ്പോൾ അംഗീകാരങ്ങളുടെ നിറവിൽ ആണ്.. തൃശ്ശൂർ കയ്പമംഗലം വഴിയമ്പലം സ്വദേശിനിയും നടിയുമായ ഗ്രീഷ്മയാണ് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്.
സീരിയൽ - നാടക അഭിനയ രംഗത്ത് സജീവമായ മനോമോഹന്റെ മകളും, നാടക സംവിധായകനും അഭിനേതാവുമായ ഏങ്ങണ്ടിയൂർ സ്വദേശി ഉദയ് തോട്ടപ്പുള്ളിയുടെ ഭാര്യയുമായ ഗ്രീഷ്മയെ തേടി രണ്ടാം തവണയാണ് സംസ്ഥാന പുരസ്ക്കാരമെത്തുന്നത്. തിരുവനന്തപുരം സൗപർണികയുടെ മണികർണ്ണിക എന്ന നാടകത്തിലെ ഝാൻസി റാണിയെ മികവുറ്റതാക്കിയതിനായിരുന്നു ഇത്തവണ അവാർഡ് ലഭിച്ചത്.
പിതാവായ മനോമോഹൻ വീട്ടിൽ തന്നെ നടത്തിയിരുന്ന നാടകക്കളരിയാണ് ചെറുപ്പത്തിൽ തന്നെ ഗ്രീഷ്മയെ നാടക ലോകത്തേക്ക് ആകർഷിച്ചത്. ഹയർ സെക്കൻ്ററിയിൽ പഠിക്കുമ്പോഴാണ് പാപത്തറ എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്തേക്ക് ചുവടുവെച്ചത്.
കേരളത്തിനകത്തും പുറത്തുമുള്ള അരങ്ങുകളിൽ പിന്നീട് ചെറുതും, വലുതുമായ നിരവധി വേഷങ്ങളിലൂടെഗ്രീഷ്മ നാടകാ സ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു. നാടകത്തെ ജീവനു തുല്യം സ്നേഹിക്കുന്നയാൾ തന്നെ ജീവിത പങ്കാളിയായതോടെ അഭിനയ രംഗത്ത് കൂടുതൽ ഊർജ്ജത്തോടെ മുന്നേറാൻ ഗ്രീക്ഷ്മക്ക് കഴിഞ്ഞു.
ഒരേ സമയം അമ്മയായും, കാമുകിയായും വേദിയിൽ നിറഞ്ഞു നിന്ന ഇതിഹാസയിലെ അഭിനയ മികവിനുള്ള അംഗീകാരമായിരുന്നു 2019ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം. ചെറുതും, വലുതുമായ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തിൽ ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ അഭിനേത്രിയെന്ന നിലയിൽ കൂടുതൽ ഊർജ്ജം പകരുന്നതായി ഗ്രീഷ്മ പറഞ്ഞു.
ഏക മകൻ മഹാദേവും പാരമ്പര്യം പിന്തുടർന്ന് നാടകത്തിൻ്റെ വഴിയേ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ നാടകത്തിനായി സ്ക്രിപ്റ്റ് എഴുതുന്ന തിരക്കിലാണ് ഈ പത്താം ക്ലാസ്സുകാരൻ. മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ സിനിമയിൽ ഒരു കൈ നോക്കാമെന്ന ആഗ്രഹമുണ്ടെങ്കിലും നാടക അരങ്ങിൽ ലഭിക്കുന്ന അംഗീകാരങ്ങളും, സംതൃപ്തിയും പകരം വെക്കാനാവാത്തതാണെന്നാണ് ഗ്രീഷ്മയുടെ നിലപാട്.