കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. നീലേശ്വരത്തിനടുത്ത് ചോയ്യംകോട്ട് ഓട്ടോ ഡ്രൈവറായിരുന്നു. സി.കുഞ്ഞിരാമന്റെയും ചെറുവത്തൂർ കാരിയിലെ എം.കെ.സാവിത്രിയുടെയും മകനാണ്. ഭാര്യ: പി.വിജില (പള്ളിപ്പാറ). മക്കൾ: സാൻവിയ, ഇവാനിയ. സംസ്കാരം ഞായറാഴ്ച.