സ്വാതന്ത്ര്യാനന്തരകേരള ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട നിർണായക ഏടായിരുന്നു സർ സി പിക്ക് നേരെ ഉണ്ടായ ആക്രമണവും നാടുകടക്കലും… സ്വാതന്ത്ര്യദിനത്തോളം പഴക്കമുണ്ട് ആ സംഭവത്തിനും.
സചിവോത്തമ സർ ചെട്പുട് പട്ടാഭിരാമൻ രാമസ്വാമി അയ്യർ, സർ സി.പി : കെ.സി.എസ്.ഐ., എമ്പയർ അഭിഭാഷകൻ, അഡ്മിനിസ്ട്രേറ്റർ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന തിരുവിതാംകൂർ ദിവാൻ.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്ന് ഉറപ്പായ സമയം… ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമായി നില്‍ക്കാന്‍ തീരുമാനിച്ചു. ദിവാന്‍ അമേരിക്കന്‍ മോഡല്‍ ഭരണം പ്രഖ്യാപിച്ചു.
ഒരുകാലത്ത് തിരുവിതാംകൂറിനെ ആകെ വിറപ്പിപ്പിച്ചൊരു പേരായിരുന്നു സർ സി പി രാമസ്വാമി അയ്യർ. തന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി, തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി എന്ത് മനുഷ്യത്വവിരുദ്ധ നടപടിയും സ്വീകരിക്കാൻ മടിയില്ലാതിരുന്ന മനുഷ്യൻ.
ദിവാനെ നാടുകടത്താൻ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭം നടത്തിയിട്ടും ഫലമുണ്ടായില്ല,പുന്നപ്ര വയലാർ സമരത്തിനും അതിനു സാധിച്ചില്ല.
എന്നാൽ കേരളത്തിലെ ഒരു ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രവർത്തകന് അതിന് കഴിഞ്ഞു. കെ സി എസ് മണി, കോനാട്ടു മാടം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ മണിയുടെ അതിസാഹസികത സർ സിപിയെ നാടുവിടുന്നതിലേക്കാണ് നയിച്ചത്.
വർഷം 1947 ജൂലൈ മാസം 25 ന് തിരുവനന്തപുരം സ്വാതി തിരുന്നാൾ അക്കാദമിയിൽ ശെമ്മാംകുടി ശ്രീനിവാസയ്യരുടെ സംഗീതക്കച്ചേരി കണ്ട് സർ സി പി മടങ്ങുന്ന സമയം, തിരുവിതാംകൂര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ 25 വയസ്സുകാരൻ മണി സിപിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.
പിന്നീട് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതു സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവുമായി ദിവാന്‍ ധാരണയിലെത്തി. തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള സമ്മതത്തോടെ ദിവാൻ തിരുവിതാംകൂർ വിട്ട് മദ്രാസിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനായി. സ്വാതന്ത്ര്യാനന്തരം കേരള ചരിത്രം സാക്ഷ്യം വഹിച്ച നിർണായക വഴിത്തിരിവായിരുന്നു അത്.