കണ്ണൂര്‍ തലശ്ശേരിയില്‍ കടലില്‍ കുടുങ്ങിയ മത്സബന്ധന ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശികളായ നൗഫല്‍, ജലീല്‍ എന്നിവരെ കോസ്റ്റല്‍ പൊലീസിന്റെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് മലപ്പുറം താനൂര്‍ സ്വദേശികളായ നൗഫല്‍, ജലീല്‍ എന്നിവര്‍ കാഞ്ഞങ്ങാട് നിന്നും ബോട്ടുമായി തിരൂരിലേക്ക് പുറപ്പെട്ടത്.തലശ്ശേരി ഭാഗത്ത് എത്തിയപ്പോള്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ പെടുകയായിരുന്നു. കരയില്‍ നിന്ന് 8 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
തുടര്‍ന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിന്റെ സഹായം തേടി. എന്നാല്‍ കാറ്റും ശക്തമായ തിരമാലകളും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി.കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റിനെതുടര്‍ന്ന് ഹെലി കോപ്റ്റര്‍ തിരിച്ചു പോവുകയായിരുന്നു.
തുടര്‍ന്ന് അര്‍ധ രാത്രിയോടെ കോസ്റ്റല്‍ പൊലീസ് ബോട്ടിലെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.തലശ്ശേരി കോസ്റ്റല്‍ പോലീസ്സി ഐ ശ്രീകുമാര്‍ എസ്‌ഐ മനോജ് കുമാര്‍ ,എസ് സി.പി.ഒ ധന്യന്‍, ഷാരോണ്‍, വിജേഷ്, ഷംസീറ ,കോസ്റ്റല്‍ വാര്‍ഡന്മാരായ നിരഞ്ജന്‍, സുഹാസ്, സരോഷ്, സുഗേത്ത്, സ്രാങ്ക് അഭിജിത്ത് എനിവരങ്ങിയ സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.