മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധിവ്യാപനം രൂക്ഷമാവുന്നു.കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 1500 ഓളം പേരാണ് പനിയെ തുടർന്ന് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് .
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണമെടുത്താൽ പനി ബാധിതരുടെ എണ്ണം ഇനിയും വർധിക്കും. കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം കേസുകളുടെ എണ്ണം വർധിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 3 ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം 8 ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ 28 ഓളം പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. കുറുവട്ടൂർ, ഒള്ളവണ, കോടഞ്ചേരി, തിരുവമ്പാടി മേഖലകളിലാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
ജില്ലയിൽ കഴിഞ്ഞ മാസം മഞ്ഞപ്പിത്തം ബാധിച് രണ്ടു പേർ മരണപ്പെട്ടിരുന്നു. അതേ സമയം മഴ ശക്തമായതോടെ പകർച്ച വ്യാധി പ്രതിരോധം ശക്തമാക്കിക്കൊണ്ട് സ്റ്റേറ്റ് കണ്ട്രോൾ റൂമിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.