കാലാവധി കഴിഞ്ഞ ചപ്പാത്തി പാക്കറ്റില്‍ തീയതി തിരുത്തി വിൽപ്പന നടത്തിയ ഒരാളെ തൃശ്ശൂര്‍ കുന്നംകുളം പോലീസ് പിടികൂടി. പഴഞ്ഞി പട്ടിത്തടം സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ 60 വയസ്സുള്ള സ്റ്റാൻലിയാണ് പിടിയിലായത്.
കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പരിശോധനയ്ക്കിടെ സംശയം തോന്നി വാഹനത്തിലുണ്ടായിരുന്ന ചപ്പാത്തി പരിശോധിച്ചപ്പോഴാണ് തിയ്യതി തിരുത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്റ്റാൻലിയെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർ അനുജോസഫ്, രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി പോലീസ് പിടികൂടിയ ചപ്പാത്തി പരിശോധിച്ചു. പരിശോധനയിൽ പിടികൂടിയ ചപ്പാത്തിയിൽ പൂപ്പലുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തി.
6 പാക്കറ്റ് ചപ്പാത്തിയാണ് ഇത്തരത്തിൽ തീയതി തിരുത്തിയതായി കണ്ടെത്തിയത്. തീയതി തിരുത്താനായി ഉപയോഗിച്ച സാമഗ്രികൾ വാഹനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. തുടർ നടപടികൾക്കായി ജില്ലാ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറുമെന്ന് കുന്നംകുളം ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
പഴഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് വില്പനയ്ക്കായി ഇയാൾ ചപ്പാത്തി വാങ്ങുന്നത്. വിൽപ്പന നടത്താൻ ലൈസൻസ് ഇല്ലെന്നിരിക്കെ വിറ്റു പോകാതെ തീയതി കഴിഞ്ഞ ചപ്പാത്തി പാക്കറ്റിലെ തീയതി തിരുത്തി വില്പന നടത്തുകയാണ് ഇയാളുടെ രീതിയെന്നാണ് വിവരം.