തൃശൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ആശുപത്രി മാലിന്യം തള്ളിയതായി കണ്ടെത്തി. മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മാലിന്യങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സിറിഞ്ചിന്റെ കവറുകളും, ബില്ലുകളുമുള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങളാണ് മാള ഇന്ദിരാ ഭവന് സമീപമുള്ള പൊയ്യ പഞ്ചായത്തിലെ സ്വാകാര്യ വ്യക്തിയുടെ പറമ്പില്‍ തള്ളിയത്. തുടര്‍ന്ന് മാള കെ കരുണാകരണന്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മാലിന്യങ്ങളാണ് ഇവയെന്നും കണ്ടെത്തി. നവംബര്‍ ഇരുപത്തിയഞ്ചാം തിയ്യതിയിലെ ബില്ലുകളും ഇക്കൂട്ടത്തിലുണ്ട്.
സമീപത്തെ പറമ്പില്‍ എത്തിയ തൊഴിലാളികളാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറെ വിവരമറിയിക്കുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി ഹരിതസഭ പോലെയുള്ള വിവിധ മാലിന്യമുക്ത ക്യാമ്പയിന്‍ ആഘോഷിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് മാലിന്യം തള്ളിയത്.
ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിച്ചുകൊടുക്കരുതെന്നും ശക്തമായി പ്രതികരിക്കണമെന്നും വാര്‍ഡ് മെമ്പര്‍ വര്‍ഗീസ് കാഞ്ഞുത്തറ പറഞ്ഞു. മാള പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.