മുതലമട: കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞു മരിച്ചു. മുതലമട പാപ്പാൻചള്ളയിൽ അജീഷ് - ദീപിക ദമ്പതികളുടെ മകൾ ത്രിഷികയാണു മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ഉടൻ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രി, പാലക്കാട്ടെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചു.
ജില്ലാ ആശുപത്രിയിൽ വച്ചു ബോട്ടിൽ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറഞ്ഞതിനെ തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ കുട്ടി മരിച്ചു. ദിവസങ്ങൾക്കു മുൻപാണു ത്രിഷികയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്.