കൊല്ലത്ത് വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. ചിതറ മതിര തോട്ടുമുക്ക് ആനന്ദഭവനില്‍ സോമന്‍, മകന്‍ അനന്തു എന്നിവരാണ് പിടിയിലായത്.
മതിര തോട്ടുമുക്ക് മംഗലത്ത് പുത്തന്‍വീട്ടില്‍ ഷിജുവിനെയും, വിനയം വീട്ടില്‍ വിനീതയെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സോമനും മകന്‍ അനന്തവും പിടിയിലായത്. അറസ്റ്റിലായ സോമനും അയല്‍വാസിയായ ഷിജുവിന്റെ കുടുംബവുമായി വര്‍ഷങ്ങളായി വഴിത്തര്‍ക്കം നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം ഷിജു കുടുംബവുമായി വിവാഹത്തിനു പോയതോടെ സോമനും മകന്‍ അനന്തുവും ചേര്‍ന്ന് തര്‍ക്കം നിന്ന വഴിയിലെ മരങ്ങള്‍ വെട്ടി മാറ്റി. ഇതിനെതിരെ ഷിജു, ചിതറ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല.
തര്‍ക്കമുണ്ടായതോടെ പ്രതികള്‍ വാളുമായെത്തി ഷിജുവിനെ വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തുകയും സംഭവം കണ്ട് തടസം പിടിക്കുകയും ചെയ്ത അയല്‍വാസി വിനീതയുടെ കൈക്കും പ്രതികള്‍ വെട്ടി. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.