കൊല്ലം: പദയാത്രയ്ക്കിടെയിൽ കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടെയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധമാണ് കയ്യാങ്കളിയിൽ എത്തിയത്.
യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി.
കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ വാക്ക് തർക്കത്തിലും കയ്യാങ്കളിയിലും എത്തി. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇവരെ പിടിച്ചു മാറ്റിയത്. ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. .