Share this Article
Flipkart ads
വയനാട്ടിൽ ആദിവാസികളോട് ക്രൂരത; മുന്നറിയിപ്പില്ലാതെ കുടിലുകൾ പൊളിച്ചുനീക്കി വനംവകുപ്പ്; ഉപരോധം; ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം ആവശ്യപ്പെട്ട് വനംമന്ത്രി
വെബ് ടീം
posted on 25-11-2024
1 min read
forest-department

വയനാട്ടില്‍ ആദിവാസികുടുംബങ്ങളോട് വനംവകുപ്പിന്റെ ക്രൂരത.മുന്നറിയിപ്പ് നല്‍കാതെ കുടിലുകള്‍ പൊളിച്ചുനീക്കി.തെരുവിലായത് 16 വര്‍ഷമായി പ്രദേശത്ത് താമസിക്കുന്നവര്‍.ഗര്‍ഭിണിയും കുട്ടികളും ഉള്‍പ്പടെ പ്രതിഷേധിക്കുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കൊല്ലിമൂല പണിയ ഊരിലാണ് വനം വകുപ്പിന്റെ പൊളിച്ചു മാറ്റൽ നടപടി. അനധികൃതമെന്ന് ആരോപിച്ച് 16 വർഷമായി മൂന്ന് കുടുംബങ്ങൾ കഴിയുന്ന കുടിലുകൾ പൊളിച്ചു മാറ്റുകയായിരുന്നു. മറ്റൊരു താമസസ്ഥലം ഏർപ്പെടുത്താതെയാണ് കുടിലുകൾ പൊളിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന് പിന്നാലെ ഭക്ഷണം പോലും കഴിക്കാനാകാതെ കുഞ്ഞുങ്ങടക്കം രാത്രി കഴിച്ചുകൂട്ടിയത് ആനയിറങ്ങുന്ന മേഖലയിലായിരുന്നു. പഞ്ചായത്തിൽ വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് വനം വകുപ്പിന്റെ നടപടി. സംഭവത്തിന് പിന്നാലെ ഗർഭിണിയും കുട്ടികളും അടക്കം ആദിവാസികൾ വനം വകുപ്പ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

അതേ സമയം മുന്നറിയിപ്പ് നല്‍കാതെ കുടിലുകള്‍ പൊളിച്ചുനീക്കിയതിൽ തോൽപ്പെട്ടി അസിസ്റ്റൻൻ്റ് വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസ് കോൺഗ്രസിൻ്റെയും ബി ജെ പി യുടെയും നേതൃത്വത്തിൽ ഉപരോധിക്കുകയാണ്.

പൊളിച്ചു നീക്കിയ വീടിനു പകരം സുരക്ഷിതമായ കുടിൽ നിർമ്മിച്ചു നൽകാനുള്ള വനം വകുപ്പിൻ്റെ ശ്രമത്തിനിടയിലാണ് ബിജെപിയും, കോൺഗ്രസും അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ്റെ തോൽപ്പെട്ടി ഓഫിസിൽ ഉപരോധവുമായി എത്തിയത്.

പൊളിച്ചു മാറ്റിയ കുടുംബങ്ങളെ സ്ഥിരമായവീട് നിർമ്മിച്ച് നൽകുന്നത് വരെ  സുരക്ഷിതമായി താമസിക്കാൻ ഇടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ഉപരോധക്കാർ ഈ വിവരം വനം വകുപ്പ് അധികൃതരുമായി സംസാരിച്ചെങ്കിലും ചർച്ച വിജയിച്ചില്ല. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസും, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.മോഹൻദാസിൻ്റെ നേതൃത്വത്തിൽ പലവട്ടമാണ്  അസിസ്റ്റൻൻ്റ് വാർഡനുമായി ചർച്ച നടത്തിയത്. വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ സമര സ്ഥലത്തെക്ക് പുറപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷനടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വനംമന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് സംഭവത്തിൽ മന്ത്രി വിശദീകരണമാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories