വയനാട് മേപ്പാടി ജനവാസമേഖലയിലിറങ്ങിയ പുലിയെ പിടികൂടി. നല്ലന്നൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
മേപ്പാടി നല്ലന്നൂര്‍ മേലയില്‍ മൂന്നുമാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് പുലി കൊന്നത് . ജനജീവിതത്തിന് ഭീഷണിയാകുന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവും ശക്തമാക്കിയിരുന്നു.
ഭീതിയിലായ പ്രദേശവാസികള്‍ ഇതേ ആവശ്യം ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.ഇതിനു പിന്നാലെ വനം വകുപ്പ് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച എങ്കിലും പുലി ഭീഷണി അവസാനിച്ചില്ല.തുടര്‍ന്നാണ് പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.
ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഒന്നിലധികം പുലിയിറങ്ങിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും വാദം. പുലി ഭീഷണിക്ക് താല്‍ക്കാലിക അറുതിയായെങ്കിലും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടായാല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ ആണ് നാട്ടുകാരുടെ തീരുമാനം