തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചെന്നാണ് പരാതിയിലെ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തേക്കും എന്നാണ് പുറത്ത് വരുന്ന വിവരം.രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. പരാതിയിൽ തൃശൂർ എസിപി അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. നാളെ രാവിലെ 11 മണിക്ക് തൃശൂർ പൊലീസ് മൊഴിയെടുക്കും.