ഗതാഗതക്കുരുക്കില്‍ നിശ്ചലമായി തൃശ്ശൂരിലെ ആമ്പല്ലൂര്‍ പുതുക്കാട് മേഖല.തൃശൂർ ഭാഗത്തേക്കുള്ള ദേശീയ പാതയില്‍ കുറുമാലി മുതല്‍ ആമ്പല്ലൂര്‍ വരെയാണ് ഗതാഗതക്കുരുക്ക് ..അടിപ്പാത നിര്‍മാണത്തെ തുടര്‍ന്നുള്ള ക്രമീകരണങ്ങളാണ് കുരുക്കിന് കാരണമാകുന്നത്.
ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി 10.30 വരെയും നീണ്ടു. വീണ്ടും ഇന്നലെ രാവിലെ മുതല്‍ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയായിരുന്നു. വാഹനങ്ങളുടെ നിര നീണ്ടതോടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുതുക്കാട് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനും സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങുന്നതിനും പണിപ്പെടേണ്ട അവസ്ഥയായിരുന്നു.
ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകുവാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. അടിപ്പാത നിര്‍മാണത്തെ തുടര്‍ന്നുള്ള ക്രമീകരണങ്ങളാണ് കുരുക്കിന് കാരണമാകുന്നത്. സര്‍വീസ് റോഡുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണ് ഗതാഗതസ്തംഭനത്തിന് ഇടയാക്കുന്നതെന്നാണ് പ്രധാന ആരോപണം. അവധിദിനങ്ങളിലെ തിരക്കേറിയ സമയങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി ചില നിര്‍ദേശങ്ങള്‍ വെച്ചെങ്കിലും ഫലപ്രദമായില്ല. സെപ്റ്റംബര്‍ 24നാണ് അടിപ്പാത നിര്‍മാണം ആരംഭിച്ചത്. 26ന് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് അറിയിച്ചുവെങ്കിലും മുന്നറിയിപ്പും വേണ്ട ക്രമീകരണമൊ ഒരുക്കാതെ തന്നെ നേരത്തെ നിര്‍മാണം ആരംഭിക്കുകയായിരുന്നു.
അന്ന് മുതല്‍ തന്നെ അടിക്കടി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. നിര്‍മാണം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ദേശീയപാതയിലെ കുരുക്കഴിക്കാന്‍ നടപടി സ്വീകരിക്കുന്നതില്‍ അധികൃതരും വീഴ്ചവരുത്തി. തിരക്കുള്ള സമയങ്ങളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.