വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന പച്ചക്കറികൾ സൂക്ഷിക്കാൻ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ സംവിധാനമില്ല. വിമാന കമ്പനി ജീവനക്കാരുടെ അനാസ്ഥ കാരണം കഴിഞ്ഞദിവസം കയറ്റുമതിക്കായി എത്തിച്ച പച്ചക്കറികൾ നശിച്ചു.
രാജ്യത്തിന് ലഭിക്കേണ്ട വിദേശ നാണ്യമാണ് വിമാന കമ്പനി അധികൃതരുടെ അനാസ്ഥ കാരണം നഷ്ടമാകുന്നത്. വിമാനത്താവളത്തിൽ പച്ചക്കറികൾ അലക്ഷ്യമായി വെക്കുന്നത് ചെറുകിട കയറ്റുമതിക്കാരെയും കർഷകരെയും വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.
കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കൊച്ചി കഴിഞ്ഞാൽ ഏറ്റവും അടുത്ത കാർഗോ കേന്ദ്രം കോഴിക്കോട് കരിപ്പൂർ വിമാനത്താവളമാണ്. കൊച്ചിയിൽ നിന്നുള്ള വിമാനങ്ങൾ 300 ഉം 400 ഉം ടൺ കപ്പാസിറ്റി കാർഗോയ്ക്കായി അനുവദിമ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കേവലം 50 ടൺ മാത്രമാണ് കാർഗോയ്ക്ക് അനുമതി ഉള്ളത്.
അത്രയും സാധനങ്ങൾ സൂക്ഷിക്കാൻ പോലും ഉള്ള സംവിധാനം കരിപ്പൂർ വിമാനത്താവളത്തിൽ കൃത്യമായി ഒരുക്കിയിട്ടുമില്ല. ഇക്കാരണത്താൽ കഴിഞ്ഞദിവസം ഗൾഫിലേക്ക് കയറ്റുമതിക്കായി എത്തിച്ച പച്ചക്കറി കരിപ്പൂർ വിമാനത്താവളത്തിൽ മഴയേറ്റ് നശിച്ചുപോകുന്ന സാഹചര്യമാണ് ഉണ്ടായത്.
അതുമൂലം ചെറുകിട കയറ്റുമതിക്കാർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി കേരള വിഷൻ ന്യൂസിനോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വൺ ഡിസ്ട്രിക്ട് വൺ പ്രോജക്ട് പദ്ധതി കോഴിക്കോട് ജില്ല ഉൾപ്പെടാൻ ഉള്ള കാരണം തന്നെ പച്ചക്കറിക്കായറ്റുമതിയാണ്. ഊട്ടി, മൈസൂരു, നഞ്ചൻകോട് എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള ഫ്രഷ് പച്ചക്കറി ഗൾഫിലേക്കും യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങളിലേക്കും കരിപ്പൂർ വിമാനത്താവളം വഴി കയറ്റി അയക്കുന്നുണ്ട്.
എന്നാൽ പാക്ക് ചെയ്ത് എത്തുന്ന പച്ചക്കറികൾ കൃത്യമായി സൂക്ഷിക്കാൻ സംവിധാനം ഇല്ലാത്തതും അധികൃതരുടെ അനാസ്ഥയും കാരണം നല്ല രീതിയിൽ അവ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാകാത്ത അവസ്ഥയാണ്. പച്ചക്കറികൾ നശിക്കുന്നതോടെ വിദേശ മാർക്കറ്റിൽ രാജ്യത്തിൻ്റെ പേരിനെ കൂടിയാണ് ബാധിക്കുന്നത്.
യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ കാർഗോയ്ക്ക് മതിയായ ഇടം അനുവദിക്കാത്തതും തുക കൂട്ടി വാങ്ങുന്നതും ചെറുകിട കയറ്റുമതിക്കാർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. സാധാരണ കൃഷിക്കാർക്കും കൃത്യമായ ലാഭം ലഭിക്കാതിരിക്കാനും ഈ സാഹചര്യം വഴിയൊരുക്കുകയാണ്. വിമാന കമ്പനി അധികൃതരുടെ കൃത്യവിലോപം പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്നാണ് ചെറുകിട കയറ്റുമതിക്കാർ ആവശ്യപ്പെടുന്നത്.