ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിൽ 887 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 69 ടീമുകളാണ് പരിശോധനയിൽ പങ്കെടുത്തത്. ഏപ്രിൽ മാസത്തിൽ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി 95 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. വഴിയോര ഭക്ഷണ ശാലകൾ, ഹോട്ടലുകൾ, തട്ടുകടകൾ, കൂൾ ബാറുകൾ, ജൂസ് കടകൾ, കാറ്ററിംഗ് സെന്റെറുകൾ, ബേക്കറികൾ, ഐസ് ഫാക്‌ടറികൾ, കുടിവെളള ബോട്ടിലിംഗ് പ്ലാന്റുകൾ, സ്വകാര്യ കുടിവെളള ടാങ്കുകൾ/ ഉറവിടങ്ങൾ ഐസ്‌ക്രീം, സോഡ നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ പുകവലി നിരോധിത ബോർഡില്ലാത്ത സ്ഥാപനങ്ങൾ, പരിശോധന സമയത്ത് പുകവലിക്കുക, ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുക എന്നിവ കണ്ടെത്തി. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക, മലിന ജലം പുറത്തേക്ക് ഒഴുക്കുക, മാലിന്യം ശരിയായ രീതിയിൽ സംസ്‌കരിക്കാതിരിക്കുക, പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്‌ടിക്കുക, ഓടകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുക, ജലസ്രോതസ്സുകൾ മലിനമാക്കുക, ലൈസൻസ് ഇല്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക തുടങ്ങിയ അപാകതകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും കൊതുകിന്റെ ഉറവിടം കണ്ടെത്തിയത് നശിപ്പിക്കുകയും ചെയ്‌തു. പിഴ ഇനത്തിൽ വഴിയോര ഭക്ഷണ ശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും 17,400/- രൂപ ഈടാക്കി.