നിക്ഷേപതുക തിരിച്ചു കിട്ടാതെ വന്നതോടെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നിക്ഷേപകര്‍.ആലപ്പുഴ ചെങ്ങന്നൂര്‍ ഉമയാറ്റുകര സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്.
സഹകരണ സംരക്ഷണ നിക്ഷേപക മുന്നണി എന്ന പേരിലാണ് അഞ്ച് നിക്ഷേപകര്‍, ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഉമയാറ്റുകര സര്‍വീസ് സഹകരണസംഘം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒന്‍പതിനാണ് തിരഞ്ഞെടുപ്പ്. സി.കെ. ശ്രീകുമാര്‍, ടി.കെ. രാജശേഖരന്‍ നായര്‍, സി.ടി. രാജു, ബീന രാജു, പ്രിനോ ബെന്നി എന്നിവരാണ് നിക്ഷേപക കൂട്ടായ്മയിലെ സ്ഥാനാര്‍ഥികള്‍.
300-ന് മുകളില്‍ നിക്ഷേപകരാണ് പ്രധാന ശാഖയിലും പുറമേയുള്ള മൂന്ന് ശാഖകളിലുമായി നിക്ഷേപം നടത്തിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഇവര്‍ക്ക് പണം തിരികെ കിട്ടിയിട്ടില്ല. 24 കോടിയോളം രൂപയാണ് ആകെ കിട്ടാനുള്ളതെന്ന് നിക്ഷേപകര്‍ പറയുന്നു.
പ്രധാന ശാഖയായ കല്ലിശ്ശേരി ഉമയാറ്റുകര ബാങ്ക് മാത്രമാണ് നിലവില്‍ പേരിന് പ്രവര്‍ത്തിക്കുന്നത്. മുറിയായിക്കര, വാഴാര്‍മംഗലം, തിരുവന്‍വണ്ടൂര്‍ എന്നീ മൂന്നു ശാഖകള്‍ നിശ്ചലമായി.
പട്ടാളത്തില്‍ ജോലി ചെയ്തു നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ആകെയുണ്ടായിരുന്ന സമ്പാദ്യമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. മകളുടെ വിവാഹം, അവളുടെ കുട്ടിയുടെ വിദ്യാഭ്യാസം ഇതിനൊക്കെ കരുതിയിരുന്ന പണം ഇപ്പോഴും കിട്ടിയിട്ടില്ലെന്ന് നിക്ഷേപകര്‍.
കോണ്‍ഗ്രസ്-ഇടതുപക്ഷ അനുഭാവികള്‍ സഹകരണ ജനാധിപത്യ മുന്നണിയെന്ന പേരിലും, ബി.ജെ.പി. അനുഭാവികള്‍ ജനകീയ മുന്നണിയെന്ന പേരിലും പ്രത്യേക പാനലായി മത്സരിക്കുന്നുണ്ട്.