Share this Article
ചെയ്യാത്ത കുറ്റത്തിന് പോക്‌സോ കേസിൽ ആദിവാസി യുവാവ് ജയിലിൽകിടന്നത് 3 മാസം; DNA ഫലംവന്നപ്പോൾ നിരപരാധി
വെബ് ടീം
posted on 02-11-2023
1 min read
fake pocso case

തൊടുപുഴ: നീണ്ട നിയമ പോരാട്ടം, പോക്‌സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് ഡിഎൻഎ പരിശോധനയിലൂടെ  നിരപരാധിയെന്ന് തെളിഞ്ഞു.പരിശോധന ഫലം വന്നതോടെ യഥാർഥ കുറ്റവാളിയെ കണ്ടെത്താനും കഴിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ.എം.വിനീതി (24)നെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്.

വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ വന്ന പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് തെളിയുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെൺകുട്ടി പറഞ്ഞില്ല. എന്നിട്ടും, കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പോലീസ് ബലമായി പിടികൂടി ആശുപത്രിയിൽ എത്തിച്ചുവെന്ന് വിനീത് പറയുന്നു.2019 ഒക്ടോബർ 14 മുതൽ വിനീതിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു പെൺകുട്ടിയും അമ്മയും വിനീതല്ല ഉത്തരവാദിയെന്ന് പോലീസിനോട് പറഞ്ഞു. ഇതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാൽ, പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി നൽകിയെന്നുപറഞ്ഞ് പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്തു. വിനീത് ആറുതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

ഇതിനിടെ ഡി.എൻ.എ. ഫലം വന്നു. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. തന്റെ അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. അർദ്ധസഹോദരൻ ജയിലിലായി. ഡി.എൻ.എ. പരിശോധനയിൽ, കുഞ്ഞിന്റെ അച്ഛൻ ഇയാളുമല്ലെന്ന് കണ്ടെത്തി. എന്നാൽ, കേസിന്റെ വിസ്താരം തുടങ്ങാത്തതിനാൽ ഇയാൾ ഇപ്പോഴും ജയിലിലാണ്.

കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡി.എൻ.എ. പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്. സർക്കാരിൽനിന്നും കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽനിന്നും നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു. അഭിഭാഷകരായ ജോബി ജോർജ്, ജെയിംസ് കാപ്പൻ, ബൈജു ബാലകൃഷ്ണൻ എന്നിവരാണ് വിനീതിനുവേണ്ടി കോടതിയിൽ ഹാജരായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories