കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 5 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ.
തൃശ്ശൂർ ഒരുമനയൂർ സ്വദേശി 39 വയസുള്ള സുമേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളെ ചാവക്കാട് കോടതി ശിക്ഷിച്ചത്..
കേസിലെ ഒന്നാംപ്രതി തെക്കൻഞ്ചേരി വലിയകത്ത് 51 വയസുള്ള ജബ്ബാർ, മൂന്നാം പ്രതി ഒരുമനയൂർ ഒറ്റതെങ്ങ് രായം മരക്കാർ വീട്ടിൽ 29 വയസുള്ള ഷനൂപ് എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
ഈ കേസിലെ രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ വീട്ടിൽ 24 വയസുള്ള അജിത്ത് വിചാരണ നേരിടാതെ ഒളിവിലാണ്. പ്രതികൾ തെക്കഞ്ചേരിക്കടുത്തുള്ള പാലത്തിൽ വച്ച് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യം ചെയ്തിരുന്നു.
ഈ വിരോധം വെച്ച് സുമേഷിന്റെ തെക്കൻ ചേരിയിലുള്ള ഭാര്യ വീട്ടിലേക്ക് 2019 നവംബർ 25 ന് രാത്രി പ്രതികൾ അതിക്രമിച്ചു കയറി സുമേഷിനെ കത്തികൊണ്ട് വയറിൽ കുത്തുകയായിരുന്നു.
ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയത്തോടെ പ്രതികൾ കൊലവിളി നടത്തി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പിഴ സംഖ്യ പരിക്കുപറ്റിയ സുമേഷ് നൽകാനും വിധിയിൽ പ്രത്യേക പരാമർശമുണ്ട്.