തൃശ്ശൂർ സ്വരാജ് റൗണ്ടിലൂടെ യുവാവ് നടത്തിയ അപകടകരമായ സ്കേറ്റിങ്ങിൽ സ്വമേധയാ കേസെടുത്ത് പോലീസ്.. മാധ്യമങ്ങളിൽ വാർത്ത വന്നതിന്റെ പശ്ചാത്തലത്തിലാണ് തൃശ്ശൂർ ഈസ്റ്റ് പോലീസിൻ്റെ നടപടി. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലായിരുന്നു സ്കേറ്റിംഗ് എന്ന് പൊലീസ് എഫ്ഐആർ.
ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സ്വരാജ് റൗണ്ടിലൂടെ അപകടകരമായ രീതിയിൽ യുവാവിന്റെ സ്കേറ്റിംഗ്. ബസ്സുകൾക്കിടയിലൂടെയും ഓട്ടോറിക്ഷയിൽ പിടിച്ചുമെല്ലാം മാറിമാറി യുവാവിന്റെ അഭ്യാസപ്രകടനങ്ങൾ.
ഈ ദൃശ്യങ്ങൾ വാർത്തയായതോടെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കെ പി 118 (ഇ) വകുപ്പു പ്രകാരം കേസെടുത്തത്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലായിരുന്നു സ്കേറ്റിംഗ് എന്നാണ് പൊലീസ് എഫ്ഐആർ. വാഹനങ്ങളുടെ ഇടയിലൂടെയും അതിവേഗതയിലും അലക്ഷ്യവുമായി റോളർ സേക്റ്റ് ചെയ്തുവെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്കേറ്റിംഗ് നടന്ന സമയത്ത് നഗരത്തിലെ പോലീസിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചു. 25 വയസ്സ് തോന്നിക്കുന്ന ഹിന്ദി സംസാരിക്കുന്ന യുവാവാണ് സ്കേറ്റ് ചെയ്തതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.