'ഒരു ലോഡ് കളിപ്പാട്ടങ്ങള്‍'... കുഞ്ഞുമനസ്സുകള്‍ക്ക് സന്തോഷമേകാന്‍ കുഞ്ഞുങ്ങളുടെ സ്‌നേഹ സമ്മാനം അയച്ചത് ഒരു ലോഡ് കളിപ്പാട്ടങ്ങളാണ്... കുഞ്ഞുമനസ്സുകളുടെ സന്തോഷത്തിന് ഒരു തിരി വെളിച്ചമേകാൻ അയച്ച കളിപ്പാട്ടങ്ങൾ മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങും.
വയനാട് ദുരത്തിൻ്റെ വ്യാപ്തിയറിയാതെ സന്തോഷങ്ങൾ നഷ്ടപ്പെട്ട കുരുന്നുകളെ കളിപ്പാട്ടങ്ങൾ നൽകി സന്തോഷിപ്പിക്കാനാണ് തൃശ്ശൂരിൽ നിന്ന് കളിപ്പാട്ട വണ്ടി വയനാട്ടിലേക്ക് പുറപ്പെട്ടത്. അന്തിക്കാട് കെ.ജി.എം. എൽപി സ്കൂളിലെ 625 വിദ്യാർത്ഥികൾ ചേർന്ന് 2 ദിവസം കൊണ്ടാണ് കളിപ്പാട്ടങ്ങൾ സമാഹരിച്ചത്.
ചെറുതും വലുതുമായ മനോഹരമായ പാവകൾ, കുഞ്ഞു മുച്ചക്ര സൈക്കിളുകൾ, ജീപ്പ്, കാർ തുടങ്ങി ആയിരത്തി അഞ്ഞൂറിൽപ്പരം കളിപ്പാട്ടങ്ങൾ കുരുന്നുകൾ സ്കൂളിലെത്തിച്ചു. അരലക്ഷത്തോളം രൂപ പണമായും സ്കൂളിലെത്തി.
അതിനും കളിപ്പാട്ടങ്ങൾ വാങ്ങി. പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂരിൻ്റെ നേതൃത്വത്തിൽ പിടിഎ അംഗങ്ങളും രക്ഷിതാക്കളും വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി.
സ്കൂളിലെത്തിച്ച കളിപ്പാട്ടങ്ങൾ തരം തിരിച്ച് കെട്ടുകളാക്കി വാഹത്തിൽ കയറ്റി. കളിപ്പാട്ട വണ്ടിയുടെ ഫ്ലാഗ് ഓഫ് അന്തിക്കാട് ഹൈസ്കൂൾ പ്രധാനാധ്യാപിക ഷില്ലി നിർവഹിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ വയനാട് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ കളിപ്പാട്ടങ്ങൾ ഏറ്റുവാങ്ങും.