Share this Article
2-ാം പ്രതി അനിതകുമാരിക്ക് ജാമ്യം, പത്മകുമാറിൻ്റെ ജാമ്യാപേക്ഷ തള്ളി; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിന് തുടരന്വേഷണമാകാം
വെബ് ടീം
posted on 13-09-2024
1 min read
OYOOR CASE

കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി അനിതകുമാരിക്ക് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നൽകി. പൊലീസിൻ്റെ തുടരന്വേഷണ അപേക്ഷയും കോടതി അംഗീകരിച്ചു. അതേസമയം, ഒന്നാം പ്രതി പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.

കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

അമ്മ അനിതകുമാരിക്കൊപ്പം  അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു അനുപമ. അച്ഛൻ പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലാണ്. കേസിൽ അന്വേഷണ സംഘം  കുറ്റപത്രം സമർപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories