World AIDS Day: എറണാകുളം ജില്ലയില്‍ കഴിഞ്ഞ 7 മാസത്തിനിടെ എയ്ഡ്സ് സ്ഥിരീകരിച്ചത് 152 പേര്‍ക്ക്. എയ്ഡ്സ് പരിശോധനയും ബോധവത്കരണവും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ആരോഗ്യവിഭാഗം. പരിശോധന വര്‍ധിപ്പിച്ചാല്‍ എയ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന കാണാനാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ജില്ലയിലെ 15 ഐസിടിസികളിലായി നടത്തിയ പരിശോധനയിലാണ് 152 പേര്‍ക്ക് എയ്ഡ്സ് രോഗബാധ കണ്ടെത്തിയത്. മൂന്ന് നവജാത ശിശുക്കളും ഇതിൽ ഉള്‍പ്പെടുന്നു. സന്നദ്ധ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് പരിശോധന നടന്നത്. ജില്ലയുടെ വിവിധയിടങ്ങളില്‍ ക്യാംപുകള്‍ നടത്തി സാംപിളുകൾ ശേഖരിക്കുകയായിരുന്നു.
നിലവില്‍ 1255 പേരാണ് എയ്ഡ്സ് ബാധിതരായി ജില്ലയില്‍ ചികിത്സയിലുള്ളത്. എല്ലാ വര്‍ഷവും 170 ഓളം പേരാണ് എച്ച് ഐ വി പോസിറ്റീവാകുന്നത്. കൂടുതൽ പരിശോധനയ്ക്കും ബോധവൽക്കരണത്തിനും ഉള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം.