തൃശ്ശൂര്‍ ഇരിങ്ങാലക്കുട ഗാന്ധിഗ്രം സ്വദേശിയും ശില്പിയുമായ രതീഷ് ഉണ്ണി ഇത്തവണ ഒരുക്കിയത് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്‍റെ തറവാട് വീടാണ്. പത്തനംതിട്ട ഇലന്തൂരിലുള്ള ഈ പരമ്പരാഗത നാല്‌കെട്ട് വീടിന്റെ മുക്കും മൂലയും അണുവിട വ്യത്യാസമില്ലാതെയാണ് രതീഷ് ഉണ്ണി മരത്തില്‍ തീര്‍ത്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ വീഡിയോകളില്‍ മാത്രമാണ് രതീഷ് ഉണ്ണി മോഹന്‍ലാലിന്‍റെ തറവാട്ട് വീട് കണ്ടിട്ടുള്ളത്. ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ ആശയമാണ് വീടിന്റെ പണിപ്പുരയിലേക്ക് രതീഷിനെ എത്തിച്ചത്.തേക്കിലും വീട്ടിയിലുമാണ് വീട് കൊത്തി എടുത്തിരിക്കുന്നത്. വീട്ടിലെ പഴയ തൊഴുത്തും, കിണറും ചുറ്റുമതിലും അകത്തളത്തിലെ കസേരയും ആട്ടുതൊട്ടിലും അതേപടി കൊത്തിയിട്ടുണ്ട്..
ഒന്നരമാസം കൊണ്ടാണ് തറവാടിന്റെ മിനിയേച്ചര്‍ രൂപം ഒരുക്കിയത്. അല്‍പം ഇരുണ്ട ഭാഗങ്ങള്‍ നിര്‍മിക്കാന്‍ വീട്ടി പലകകളാണ് ഉപയോഗിച്ചത്. തേക്കു പലകകളില്‍ ഡ്രില്ലിങ്ങ് മെഷിനുകള്‍ കൊണ്ട് ഗ്രൂം ചെയ്താണ് ഓട് ഒരുക്കിയത്. പഴയ പ്രൗഢി ഒട്ടും കുറയാതെ മരത്തടിയില്‍ നിര്‍മിച്ച 6 തൂണുകളില്‍ ചായ്ച്ച് ഇറക്കി മേഞ്ഞാണ് പശുതൊഴുത്തിന്റെ നിര്‍മാണം. മരത്തടിയില്‍ ഉള്ള കപ്പി അതേപടി കിണറിലും നിലനിര്‍ത്തിയിരിക്കുന്നു. 30 ഇഞ്ച് നീളത്തിലും 24 ഇഞ്ച് വീതിയിലുമാണ് വീടിന്റെ മാത്രം നിര്‍മ്മാണം.തൊഴുത്തിന് അഞ്ച് ഇഞ്ച് ഉയരവുമുണ്ട്..
രതീഷ് ഉണ്ണിയുടെ കരവിരുതില്‍ ആദ്യമായല്ല മിനിയേച്ചര്‍ രൂപങ്ങള്‍ ഒരുങ്ങുന്നത്. കൂടല്‍മാണിക്യം , വടക്കുംനാഥന്‍, തിരുന്നെല്ലി , സീത ദേവി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ മിനിയേച്ചറുകള്‍ ഒരുക്കി രതീഷ് ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോള്‍ ഒരുക്കിയ ഈ വീട് മോഹന്‍ലാലിന് തന്നെ നല്‍കമെന്നാണ് രതീഷ് ഉണ്ണിയുടെ ആഗ്രഹം.