മൂവാറ്റുപുഴ: നിർമല കോളേജ് വിദ്യാർഥിനി നമിതയുടെ മരണത്തിനിടയാക്കിയ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയിയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ആന്‍സണ്‍ റോയിക്കെതിരെമനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ആൻസൺ വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കൊലപാതക ശ്രമമടക്കം ഇയാളുടെ പേരിൽ കേസുണ്ടെന്നാണ് റിപ്പോർട്ട്.
അപകടമുണ്ടാകുന്നതിനു മുൻപ് കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു. കോളേജിനു മുന്നിൽ ബൈക്കിരപ്പിച്ച ഇയാളും വിദ്യാർഥികളുമായി തർക്കമുണ്ടാക്കി. തുടർന്ന് സ്ഥലംവിട്ട ഇയാൾ പിന്നീട് അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെയടക്കം ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
അപകട ശേഷം ആശുപത്രിയിൽവെച്ച് 'വാഹനമായാൽ ഇടിക്കും' എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് വിദ്യാർഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമായി.
മുന്നൂറോളം വിദ്യാർഥികൾ അവിടെ തടിച്ചുകൂടി. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേർന്ന് ഇവരെ നിയന്ത്രിച്ചത്.
കോളേജില്‍നിന്ന് പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ പോകാനെത്തിയതായിരുന്നു നമിതയും കൂട്ടുകാരും. തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ കോളേജ് കവാടത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ മൂവാറ്റുപുഴ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു.
ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങിക്കിടന്ന നമിതയെയും കൊണ്ട് നൂറുമീറ്ററോളം ബൈക്ക് പാഞ്ഞു. പിന്നീട് നമിത റോഡില്‍ തലയിടിച്ച് വീണു. അനുശ്രീ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടം നടക്കുമ്പോള്‍ നൂറുകണക്കിന് കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു. കുട്ടികളാണ് ഓടിയെത്തി ഇവരെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലെത്തിച്ചത്. നമിതയുടെ മൃതദേഹം നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. നന്ദിത സഹോദരിയാണ്.